- November 27, 2019
- Posted by: Manjoorans
- Category: BLOG
ഒരു വിദേശ രാജ്യത്ത് ജോലി ചെയ്യുക എന്നത് ഭൂരിപക്ഷം മലയാളികളുടെയും സ്വപ്നമാണ്. ഇതിൽ ഏറിയ പങ്കും ആഗ്രഹിക്കുന്നത് യു.കെ, യു.എസ്, കാനഡ, ആസ്ട്രേലിയ തുടങ്ങിയ മികച്ച ജീവിത സാഹചര്യങ്ങളുള്ള രാജ്യങ്ങളിലേക്ക് പറക്കാനാണ്. എന്നാൽ ഐ.ഇ.എൽ.ടി.എസ് , ഒ.ഇ.ടി പഠനശേഷം വിദേശത്തേക്ക് വിമാനം കയറാനൊരുങ്ങുന്നവർ ആ രാജ്യത്തെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? തീർച്ചയായും ചിന്തിച്ചിരിക്കണം. മറ്റൊരു രാജ്യത്തെ ഭാഷ, ജീവിതസാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് ബോധവാൻമാരല്ലെങ്കിൽ ഉദ്യോഗാർത്ഥിക്ക് വലിയ പ്രതിസന്ധികളെ നേരിടേണ്ടിവരും.
വേണം, ആത്മവിശ്വാസം
ഒരു വ്യക്തിയെ സംബന്ധിച്ച് ആത്മവിശ്വാസം പരമപ്രധാനമാണ്. ഒരു ജോലി, അതുമല്ലെങ്കിൽ നിങ്ങൾ നേരിടേണ്ട വ്യത്യസ്ത ജീവിത സാഹചര്യങ്ങൾ, ഇവിടെയെല്ലാം ആത്മവിശ്വാസം വിലപ്പെട്ടതാണ്. യു.കെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ഇംഗ്ലീഷ് അടിസ്ഥാന ഭാഷയാണ്. ഈ രാജ്യങ്ങളിലെ ജീവിതസാഹചര്യങ്ങളിൽ ഇംഗ്ലീഷ് എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതും വ്യക്തമാണ്. ഇവിടെയാണ് ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം ഒരു മലയാളി വിദ്യാർത്ഥി അല്ലെങ്കിൽ ഉദ്യോഗാർത്ഥി തിരിച്ചറിയേണ്ടത്. യു.കെയിലും മറ്റും ജോലിക്കെത്തുന്നവർ ഐ.ഇ.എൽ.ടി.എസ്, ഒ.ഇ.ടി ക്ലാസുകളിൽ നിന്ന് നേടിയ പരിശീലനത്തിനപ്പുറം ഇംഗ്ലീഷ് ഭാഷയിൽ തങ്ങളുടെ പരിജ്ഞാനം ഉറപ്പാക്കുക ഏറെ നിർണായകമാണ്. ഒരു ഉദ്യോഗാർത്ഥി ആദ്യം ആർജ്ജിക്കേണ്ടത് ആത്മവിശ്വാസമാണ്. മനസിൽ ആത്മവിശ്വാസം ഉണ്ടെങ്കിൽ മാത്രമേ തടസങ്ങളില്ലാത്ത ഇംഗ്ലീഷിൽ ആശയവിനിമയം സാധ്യമാകൂ. ഇംഗ്ലീഷ് ഭാഷയിലുള്ള തന്റെ പ്രാവിണ്യം ഒരോ ഉദ്യോഗാർത്ഥിയും സ്വയം വിലയിരുത്തുകയും വേണം
തൊഴിൽ സാഹചര്യം
ഇന്ത്യയെ അപേക്ഷിച്ച് വ്യത്യസ്ത തൊഴിൽ സാഹചര്യമാണ് യു.കെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിലനിൽക്കുന്നത്. ആശുപത്രികൾ ഉൾപ്പെടെയുള്ള എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും ഇംഗ്ലീഷാണ് ആശയവിനിമയത്തിന്റെ അടിസ്ഥാനം. അതിനാൽ ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനത്തിന് അത്രയേറെ പ്രാധാന്യമർഹിക്കുന്നു. ഇന്ത്യയിൽ നിന്നെത്തുന്ന ഭൂരിപക്ഷം പേരും ആരോഗ്യമേഖലയിലാണ് വിദേശത്ത് ജോലി നേടുന്നത്. ആശുപത്രികളിൽ ജോലി നേടുന്ന ഒരാൾ രോഗിയുമായി നടത്തുന്ന ആശയവിനിമയത്തിൽ വ്യക്തതയില്ലെങ്കിൽ ജോലിയെയും ജീവിതത്തെയും പ്രതികൂലമായി ബാധിക്കും. ആശയവിനിമയത്തിൽ പാകപ്പിഴകൾ സംഭവിച്ചാൽ തദ്ദേശീയർക്കും അത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. അത് ആ രാജ്യക്കാർക്ക് ഇന്ത്യൻ സമൂഹത്തോട് വിരക്തിക്ക് കാരണമാകും.