- November 22, 2019
- Posted by: Manjoorans
- Category: BLOG
ഇനി മാലാഖമാർക്ക് കൂടുതൽ നിറമുള്ള സ്വപ്നങ്ങൾ കാണാം…
വിദേശജോലി ലക്ഷ്യമിടുന്ന നഴ്സുമാരെയും മെഡിക്കൽ പ്രൊഫഷണുകളെയും സംബന്ധിച്ച് ആകാംഷയും സന്തോഷവും നൽകുന്ന വാർത്തയാണ് യു.കെയിൽ നിന്നെത്തുന്നത്. OET യോഗ്യതയുമായി ബന്ധപ്പെട്ട നിബന്ധനകൾ കൂടുതൽ ലഘൂകരിക്കാനുള്ള നഴ്സിംഗ് ആൻഡ് മിവൈഫറി കൗൺസിലിന്റെ തീരുമാനമാണ് ഇന്ത്യയിൽ നിന്നും മറ്റുമുള്ള മെഡിക്കൽ പ്രൊഫഷണുകൾക്ക് യു.കെയിൽ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നത്. OET റൈറ്റിംഗ് മൊഡ്യൂളിന്റെ സ്കോർ C+ ആയി പരിമിതപ്പെടുത്താനാണ് നഴ്സിംഗ് ആൻഡ് മിവൈഫറി കൗൺസിൽ (NMC) ലക്ഷ്യമിടുന്നത്. ഇതോടെ യു.കെയിൽ കുടിയേറാൻ ആഗ്രഹിക്കുന്ന നഴ്സുമാർ ഉൾപ്പെടുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്ക് മുമ്പിൽ OET എന്ന കടമ്പ കൂടുതൽ ലളിതമായി മാറും.
OETക്ക് പ്രധാനമായും നാല് ഘടകങ്ങളാണ് (മൊഡ്യൂളുകൾ) ഉള്ളത്. റൈറ്റിംഗ്, ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ് എന്നിവയാണ് ആ നാല് മൊഡ്യൂളുകൾ. ഇംഗ്ലീഷ് എഴുതാനും വായിക്കാനും ശ്രദ്ധിക്കാനും സംസാരിക്കാനുമുള്ള ഉദ്യോഗാർത്ഥിഅല്ലെങ്കിൽ മെഡിക്കൽ പ്രൊഫഷണലിന്റെ കഴിവാണ് OET യിലൂടെ വിലയിരുത്തപ്പെടുന്നത്. മുമ്പ് ഈ നാല് മൊഡ്യൂളുകൾക്കും B യാണ് യോഗ്യതാ സ്കോറായി അംഗീകരിച്ചത്. ഇതിൽ റൈറ്റിംഗ് സബ് ടെസ്റ്റിന്റെ യോഗ്യതാ സ്കോർ മാത്രമാണ് നിലവിൽ C+ ആയി പരിമിതപ്പെടുത്തുന്നത്. ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ് എന്നിവയുടെ യോഗ്യതാ സ്കോർ B യായി തന്നെ തുടരും.
വർദ്ധിക്കും പ്രാധാന്യം
സമീപകാലത്ത് യുവതലമുറ ഏറ്റവും ആകാംഷയോടെ നോക്കികാണുന്ന മേഖലയായി മാറുകയാണ് ആരോഗ്യരംഗം. തൊഴിൽഅവസരങ്ങൾ തന്നെയാണ് കൂടുതൽ ആളുകളെയും ആരോഗ്യമേഖലയിലേക്ക് അടുപ്പിച്ചത്. സമീപകാലത്ത് ലോകത്ത് ഏറ്റവും അധികം മുന്നേറ്റങ്ങൾ ഉണ്ടായതും ആരോഗ്യരംഗത്ത് തന്നെ. ഇത് വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് ഉൾപ്പെടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മികച്ച മെഡിക്കൽ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന OET യുടെ (Occupational English Test) പ്രാധാന്യം വർദ്ധിച്ചത്. ആരോഗ്യരംഗം വലിയ മാറ്റങ്ങൾക്ക് വേദിയായതോടെ ഇംഗ്ലീഷ് സംസാരഭാഷയായ വിദേശരാജ്യങ്ങളിൽ മെഡിക്കൽ പ്രൊഫഷണലുകൾക്ക് അവസരമൊരുക്കുന്നതിൽ ഒ.ഇ.ടി ഒരു ചൂണ്ടുപലകയായി മാറുകയായിരുന്നു.
IELTS ൽ നിന്ന് വ്യത്യസ്തമായി OET മെഡിക്കൽ പ്രൊഫഷണലുകൾക്ക് വേണ്ടി മാത്രമുള്ളതാണ്. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്ന മെഡിക്കൽ പ്രൊഫഷണലുകളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യമാണ് OET യിലൂടെ അളക്കുന്നത്. ഒരു മികച്ച മെഡിക്കൽ പ്രൊഫഷണലിനെ വാർത്തെടുക്കാൻ കഴിയും എന്ന സാഹചര്യം തിരിച്ചറിഞ്ഞാണ് യു.കെയ്ക്ക് പുറമേ അയർലൻഡ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ OET യെ ഒരു മാനദണ്ഡമായി അംഗീകരിച്ചത്.