ഐ.ഇ.എൽ.ടി.എസും സ്പീക്കിംഗ് ടെസ്റ്റും

ഒരു പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥി എന്തൊക്കെ തയാറെടുപ്പുകളാണ് നടത്തേണ്ടത് ? തീർച്ചയായും ആത്മവിശ്വാസമാകണം ആദ്യം ആർജ്ജിക്കേണ്ടത്. ആത്മവിശ്വാസം ഉണ്ടെങ്കിൽ ഏത് വെല്ലുവിളിയും മറികടക്കാനാകും. ആത്മവിശ്വാസം പരീക്ഷയുടെ എല്ലാ ഘട്ടത്തിലും പ്രകടമാകുകയും ചെയ്യണം. ഇവിടെയാണ് ഐ.ഇ.എൽ.ടി.എസ് പരീക്ഷയിൽ ആത്മവിശ്വാസത്തിന്റെ പങ്ക് എത്രയോ വലുതാണെന്ന് നാം മനസിലാക്കേണ്ടത്.
ഐ.ഇ.എൽ.ടി.എസിന് പ്രധാനമായും നാല് ഘടകങ്ങളാണ് (മൊഡ്യൂളുകൾ) ഉള്ളത്. സ്പീക്കിംഗ്, റൈറ്റിംഗ് , റീഡിംഗ്, ലിസണിംഗ് എന്നിവയാണ് ആ നാല് ഘടകങ്ങൾ. ഈ ഒരോ ഘട്ടങ്ങളിലും പരീക്ഷയെ അഭിമുഖീകരിക്കുമ്പോൾ ഒരു വിദ്യാർത്ഥി അല്ലെങ്കിൽ ഉദ്യോഗാർത്ഥിക്ക് ആത്മവിശ്വാസം കൈമുതലായി ഉണ്ടാകണം. പ്രത്യേകിച്ച് സ്പീക്കിംഗ്‌ ടെസ്റ്റിന്റെ കാര്യത്തിൽ. മനസിൽ ആത്മവിശ്വാസം ഉണ്ടെങ്കിൽ മാത്രമേ മികച്ച ഉച്ചാരണത്തോടെ എക്സാമിനർക്ക് മുന്നിൽ ഉദ്യോഗാർത്ഥിക്ക് സംസാരിക്കാൻ കഴിയൂ.

നിർണായകം ആ 20 മിനിറ്റ്

ഐ.ഇ.എൽ.ടി.എസിന് പ്രധാനമായും ജനറൽ, അക്കാഡമിക്ക് എന്നീ രണ്ട് പഠനഭേദങ്ങളാണുള്ളത്. ഈ രണ്ട് പഠനഭേദങ്ങളിലും സ്പീക്കിംഗ് ടെസ്റ്റ് സമാനമാണ്. സാധാരണയായി റീഡിംഗ്, റൈറ്റിംഗ്, ലിസണിംഗ് ടെസ്റ്റുകൾ ഒറ്റ ദിവസം നടത്തുമ്പോൾ സ്പീക്കിംഗ് ടെസ്റ്റ് മറ്റൊരു ദിവസമാണ് നടത്താറ്. 20 മിനിറ്റാണ് സ്പീക്കിംഗ് ടെസ്റ്റിന്റെ ദൈർഘ്യം. ഒരു ഇന്റർവ്യൂവിന് സമാനമാണ് സ്പീക്കിംഗ് ടെസ്റ്റ് എന്നതാണ് മറ്റൊരു സവിശേഷത.

മൂന്ന് ഭാഗങ്ങൾ

20 മിനിറ്റായി സ്പീക്കിംഗ് ടെസ്റ്റിന് മൂന്ന് ഭാഗങ്ങളാണുള്ളത്. ടെസ്റ്റിന്റെ ഒന്നാം ഭാഗത്തെ വാം അപ്പ് സെക്ഷൻ എന്ന് വിശേഷിപ്പിക്കാം. ഈ ഘട്ടത്തിൽ ഉദ്യോഗാർത്ഥിക്ക് അഞ്ചോ അതിൽ അധികമോ ജനറൽ ചോദ്യങ്ങൾ എക്സാമിനറിൽ നിന്ന് പ്രതീക്ഷിക്കാം.
രണ്ടാം ഭാഗത്തെ ക്യൂ കാർഡ് അല്ലെങ്കിൽ ലോംങ്ങ് റൺ എന്ന് വിളിക്കാം. ഈ ഘട്ടത്തിൽ ഉദ്യോഗാർത്ഥിക്ക് ഒരു വിഷയം നൽകും. ഈ വിഷയത്തെ ആസ്പദമാക്കി മുന്നോ നാലോ ചോദ്യങ്ങൾ ഉദ്യോഗാർത്ഥിക്ക് പ്രതീക്ഷിക്കാം. ഈ ഘട്ടത്തിൽ ഉദ്യോഗാർത്ഥിക്ക് ഒരു മിനിറ്റ് തയാറെടുപ്പിനായി അനുവദിക്കും. രണ്ട് മിനിറ്റ് സംസാരിക്കാൻ അവസരം നൽകും.
മൂന്നാം ഭാഗത്തിൽ അഞ്ചോ ആറോ ചോദ്യങ്ങൾ ഉദ്യോഗാർത്ഥിക്ക് പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥി ഉത്തരങ്ങൾ വിശദീകരിക്കണം. രണ്ട് വിഷയങ്ങളെ താരതമ്യം ചെയ്തും ഉദ്യോഗാർത്ഥി ഈ ഘട്ടത്തിൽ ഉത്തരം നൽകണം.



Leave a Reply