ഐ.ഇ.എൽ.ടി.എസ് റൈറ്റിംഗ്, ടാസ്‌ക് രണ്ട്, എങ്ങനെ?

മാറിയ സാഹചര്യത്തിൽ വിദേശജോലി എന്നത് ഏവരുടെയും ലക്ഷ്യമായി മാറുകയാണ്. യു.കെ ഉൾപ്പെടെയുള്ള ഉന്നതജീവിത സാഹചര്യം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഒരു ജോലി എന്ന സ്വപ്‌നത്തിലേക്കാണ് പലരും കണ്ണുവെയ്ക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവിണ്യം തെളിയിക്കേണ്ട ഐ.ഇ.എൽ.ടി.എസ് പരീക്ഷ പക്ഷേ ഇവർക്ക് മുമ്പിൽ ഒരു കടമ്പയെന്നത് യാഥാർത്ഥ്യം തന്നെ. റീഡിംഗ്, റൈറ്റിംഗ്, സ്പീക്കിംഗ്, ലിസണിംഗ് എന്നീ നാല് ഘടകങ്ങളാണ് (മൊഡ്യൂളുകൾ) ഐ.ഇ.എൽ.ടി.എസിനുള്ളത്. ഐ.ഇ.എൽ.ടി.എസ് പരീക്ഷയ്ക്ക് തയാറാകുന്ന ഒരു വിദ്യാർത്ഥി അല്ലെങ്കിൽ ഉദ്യോഗാർത്ഥിയെ സംബന്ധിച്ച് ഈ നാല് ഘടകങ്ങളും പരമപ്രധാനമാണ്. മൊഡ്യൂളുകളെ താരതമ്യം ചെയ്യുമ്പോൾ ചില വിദ്യാർത്ഥികൾക്കെങ്കിലും വെല്ലുവിളി തീർക്കുന്ന ഒന്നാണ് റൈറ്റിംഗ് ടെസ്റ്റ്. എന്നാൽ ആത്മവിശ്വാസത്തോടെ നേരിട്ടാൽ റൈറ്റിംഗ് ടെസ്റ്റ് ഏറെ എളുപ്പമാക്കാം എന്ന സാഹചര്യവുമുണ്ട്. ഐ.ഇ.എൽ.ടി.എസ് റൈറ്റിംഗ് മൊഡ്യൂളിന് പ്രധാനമായും രണ്ട് പാഠഭേദങ്ങളാണുള്ളത്. അക്കാദമിക് റൈറ്റിംഗ്, ജനറൽ ട്രെയിനിംഗ് റൈറ്റിംഗ് എന്നിവയാണ് ആ രണ്ട് പാഠഭേദങ്ങൾ.

നേരിടാം ആത്മവിശ്വാസത്തോടെ

അക്കാദമിക്, ജനറൽ ട്രെയിനിംഗ് റൈറ്റിങ്ങിലുമായി രണ്ട് ടാസ്‌ക്കുകളെയാണ് ഉദ്യോഗാർത്ഥി നേരിടേണ്ടിവരിക. അക്കാദമിക്, ജനറൽ ട്രെയിനിംഗ് റൈറ്റിങ്ങിൽ ഒന്നാം ടാസ്‌ക് വ്യത്യസ്തമാണെങ്കിലും രണ്ടാം ടാസ്‌ക് ഒന്നുതന്നെയാണ്. എന്നാൽ രണ്ടാം ടാസ്‌കാണ് പല ഉദ്യോഗാർത്ഥികൾക്കും വെല്ലുവിളിയായി തീരുന്നത്. ഈ സാഹചര്യത്തിൽ ടാസ്‌ക് രണ്ട് എങ്ങനെയെന്ന് വിലയിരുത്താം.

ഘടന മനസിലാക്കണം

റൈറ്റിംഗ് ടെസ്റ്റിൽ ഉദ്യോഗാർത്ഥിക്ക് ഒരു മണിക്കൂറാണ് സമയം അനുവദിച്ചിരിക്കുന്നത്. ടാസ്‌ക് ഒന്നിന് 20 മിനിറ്റെങ്കിൽ ടാസ്‌ക് രണ്ടിന് 40 മിനിറ്റും. രണ്ടാമത്തെ ടാസ്‌കിൽ 250 വാക്കുകളിൽ കുറയാത്ത ഒരു ലേഖനമാണ് ഉദ്യോഗാർത്ഥി തയാറാക്കേണ്ടത്. അഡ്‌വാൻറ്റേജ് അല്ലെങ്കിൽ ഡിസ് അഡ്‌വാൻറ്റേജ്, എഗ്രീ അല്ലെങ്കിൽ ഡിസ് എഗ്രീ തുടങ്ങി വിവിധ ഫോർമാറ്റിൽ ഉദ്യോഗാർത്ഥി ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ലേഖനത്തിൽ ഉപയോഗിക്കുന്ന വാക്കുകളുടെ ഘടനയെക്കുറിച്ച് ഉദ്യോഗാർത്ഥിക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. സ്വാഭാവികമായ അവതരണ രീതിയാണ് ഉദ്യോഗാർത്ഥി അല്ലെങ്കിൽ വിദ്യാർത്ഥിയിൽ നിന്ന് എക്‌സാമിനർ പ്രതീക്ഷിക്കുന്നത്. തന്നിരിക്കുന്ന വിഷയത്തിൽ സമഗ്രമായി എഴുതുവാനുള്ള കഴിവാണ് ഇവിടെ പരിശോധിക്കുന്നത്. അക്ഷരത്തെറ്റും വ്യാകരണത്തെറ്റുമില്ലാതെ എഴുതുക എന്നതും ഏറെ നിർണായകമാണ്. എഴുത്തിന്റെ ശൈലിക്കും ഉചിത പദങ്ങളുടെ പ്രയോഗത്തിനും പ്രാധാന്യമുണ്ട്. സാരാംശം നഷ്ടപ്പെടാതെ വാക്കുകൾ എങ്ങനെ ഉപയോഗിക്കുന്നു എന്നും വിലയിരുത്തപ്പെടുന്നു. ഒരേ വാക്ക് പല തവണ ഉപയോഗിക്കാതെ സമാനാർത്ഥ പദങ്ങൾ മാറി മാറി ഉപയോഗിക്കുക എന്നതിലും പ്രാധാന്യം അർഹിക്കുന്നു. ഖണ്ഡിക തിരിക്കുമ്പോൾ സ്ഥലം പാഴാക്കാതെ ഇടത് ചേർന്ന് എഴുതാൻ ശ്രമിക്കുകയും വേണം.



Leave a Reply